Friday, September 9, 2011

ഓര്‍മ്മയിലെ ഓണം

മനസ്സിന്‍റെ  മണിച്ചെപ്പില്‍ മണ്‍ ചിരാതുകള്‍ മിഴി തുറക്കുന്ന, 
ഓണവെയില്‍ പൊന്നാട ചാര്‍ത്തിയ ഉത്രാട സായം സന്ധ്യക്കപ്പുറം
ബാല്യത്തിന്‍റെ  കളിയരങ്ങിലേക്ക് സ്മൃതിയുടെ കളിവള്ളത്തില്‍ 
തിരുവോണ നാളിലേക്ക്‌ ഒരു സ്വപ്ന യാത്ര...


തിരുവോണ പൂക്കളം ഒരുക്കുവാന്‍ ഇറുതെടുത്ത ആമ്പല്‍ മുട്ടുകള്‍ ഇനിയും മിഴി തുറന്നിട്ടില്ല. തുമ്പയും മുക്കുത്തിയും വാടമാല്ലിയും എല്ലാം തയ്യാറായിരിക്കുന്നു...


ജമന്തി പൂക്കള്‍ അല്പം വാടി തുടങ്ങിയോ എന്നൊരു സംശയം...
അമ്മേ ആ ജമന്തി പൂക്കളില്‍ ഇത്തിരി വെള്ളം തളിക്കുമോ!!


ഉറക്കത്തിന്‍റെ ആലസ്യത്തില്‍ പെട്ടന്നുണര്‍ന്നു പറഞ്ഞതാണ്‌!!


കുറച്ചു നേരത്തേക്ക് എങ്കിലും ഞാന്‍ എന്റെ ഗ്രാമത്തിലൂടെയും
പൂക്കള്‍ ഇറുക്കാന്‍ നടന്ന ഇടവഴികളിലൂടെയും നടന്നു...


ആമ്പല്‍ പൂക്കളെ സ്നേഹിച്ച കൊച്ചു മനസ്സിന്‍റെ ആരും കാണാത്ത, 
ഇരുള്‍ മൂടിയ ഇന്നലെകള്‍ സമ്മാനിച്ച കുറെ ഓര്‍മ്മചിത്രങ്ങളിലൂടെ 
എനിക്ക് തിരികെ പോകാതിരിക്കാന്‍ കഴിഞ്ഞില്ല.


ഒരുനാള്‍ എനിക്ക് എന്‍റെ ഗ്രാമത്തിലേക്ക് തിരികെ പോകണം, സൂര്യ കിരണങ്ങള്‍ അരിച്ചിറങ്ങുന്ന ഇടവഴികളിലൂടെ, തൊടികളിലൂടെ മതിയാവുവോളം നടക്കണം. വയല്‍ ചിറയിലെ തെങ്ങോല തുമ്പില്‍ നിന്നും
പാടത്തെ വെള്ളത്തിലേക്ക് ചാടണം, ചാടിതിമിര്‍ക്കണം. .

പെയ്തു തോര്‍ന്നെങ്കിലും ഇറ്റു വീഴാതെ  ബാക്കി നില്‍ക്കുന്ന  ഇലത്തുമ്പിലെ 
ജലകണങ്ങളില്‍ നിറങ്ങള്‍ ചാലിച്ചു  പ്രകൃതി ഒരുക്കിയ വര്‍ണ്ണ മഴവില്ല്  കാണണം...

യാന്ത്രികമായ ഗള്‍ഫ്‌ ജീവിതത്തില്‍ ഓരോ മലയാളിക്കും 
നഷ്ട്ടപ്പെട്ടുപോയ മധുര സ്മരണകളിലൂടെ ഞാനും സഞ്ചരിക്കുന്നു!!


ഓര്‍മ്മകളിലൂടെ എനിക്ക് നഷ്ട്ടപ്പെട്ടതൊക്കെ ഞാന്‍ സ്വന്തമാക്കുന്നു,
നിമിഷങ്ങളുടെ ആയുസ്സ് മാത്രമേ ഉള്ളു എങ്കില്‍ പോലും..